Thursday, October 21, 2010

Monday, February 15, 2010

രാധ

വൃന്ദാവനത്തിലൊരു പേരാലിൻ ചുവട്ടിൽ
ചിന്താമഗ്നയായ്‌ നിൽപ്പവളേ.......
ചിന്താമഗ്നയായ്‌ നിൽപ്പവളേ....
അകലത്തിലലിയുന്ന വേണുനിനാദത്തിൽ
അറിയാതെ ഒരിനിമിഷം അലിഞ്ഞുപോയോ?
നീ, അറിയാതെ ഒരു നിമിഷം അലിഞ്ഞുപോയോ?
ഇനിവരും ദ്വാപരയുഗത്തിലെ കണ്ണന്റെ
കളികൂട്ടുകാരിയാകാൻ മോഹമുണ്ടോ,
നിനക്ക്‌,കളികൂട്ടുകാരിയാകാൻ മൊഹമുണ്ടോ?
പലകാലം ബ്രഹ്മത്തിൻ നിഴലായ നിനക്കിനി
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ,
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ?

ശാസ്താവിനോട്‌

ഹരിഹരപുത്രന്റെ തിരുനാമം ജപിക്കുമ്പോൾ
അതിരറ്റ സന്തോഷമെൻ ഹൃദയത്തിൽ നിറയുന്നു
കലികാലവൈഭവത്താൽ ഉരുകും ഹൃദന്തങ്ങളിൽ
പുതുമഴയായിവരും ശരണമന്ത്രങ്ങളെല്ലാം
അതിരില്ലാമോഹങ്ങളാൽ കദനം ചുമക്കുന്നോർ
ഞങ്ങൾക്കഭയമേകീടണേ നിത്യചൈതന്യമേ!
അകതാരിൽ അമരുന്ന ചൈതന്യമറിയാതെ
അലയുന്നു നാം വൃഥാ ശിൽപത്തിൻ ഭംഗി കാണാൻ.
അഴകോടെ ഒഴുകിയെത്തും പമ്പയിൽ കുളിച്ചുതോർത്തി
മലനിരകൾ താണ്ടി തളർന്നിരിക്കുമ്പോൾ
ഒരു ചെറുതെന്നെലായ്‌ എന്നരികിലെത്തണേ
പരിതാപമകറ്റുവാൻ തമ്പുരാനേ!
തിരുമുമ്പിലെത്തി കൈ കൂപ്പി നിന്നിടുമ്പോൾ
നിറയണേ ഹൃദയത്തിൽ നിൻ ദിവ്യരൂപം
ഒടുവിൽ മലയിറങ്ങി കദനക്കടലിലാണ്ടു
വഴിയറിയാതെ ഞങ്ങളലഞ്ഞിടുമ്പോൾ
ഒരുമണിവിളക്കായ്‌ അകതാരിൽ തെളിയണേ
ഒരുകോടി ഭാനുസമപ്രഭാപൂരമേ!

Friday, January 22, 2010

കാവിലമ്മയോട്‌

കുന്തിപ്പുഴയുടെ തീരത്തു നിൽക്കുന്ന
ചന്തമിയന്നൊരു ദേവിതൻ ക്ഷേത്രത്തിൽ
വാണരുളീടുന്നു ദേവി മഹേശ്വരി
ദാരികനെ കൊന്ന ശ്രീഭദ്രകാളി!
ദേവിതൻ കൺകളിൽ തിനാളമുണ്ട്‌
സർവ്വവും പൂതമാക്കുമൊരഗ്നി
ഒരുകയ്യിൽ ഒളിമിന്നും പടവാളുമുണ്ട്‌
മറുകയ്യിൽ കൂർത്ത ചുരികയുമുണ്ട്‌
ഇനിയൊരു കയ്യിലോ ശൂലവുമുണ്ട്‌
ഇതരത്തിൽ ദാരികൻ തലയുമുണ്ട്‌
കണ്ണിൽ സ്ഫുരിക്കുമൊരഗ്നിയാലെന്റെ
ഉള്ളിലഹങ്കാരം ഭസ്മമാകട്ടെ!
കയ്യിലമരും പടവാളു കൊണ്ടെന്റെ
ഉള്ളിലസൂയതൻ വേരറുക്കട്ടെ!
മൂർച്ചയേറും ചുരികയാലെന്നുടെ
കാമമോഹങ്ങളെ ഛേദിച്ചിടട്ടെ!
വേറിട്ട ദാരികൻ തലയെന്നപോലെ
മാറട്ടെ എന്നിലെ മദമാത്സര്യങ്ങൾ!
ദാരികനെന്നിൽ തലയുയർത്തും നേരം
ശൂലത്താലവനുടെ തലയറുത്തീടണേ!

Wednesday, January 20, 2010

പുഴയുടെ രോദനം

താഴത്തു താളത്തിൽ ഇഴയും പുഴയുടെ
തീരത്തു ഞാൻ വന്നു നിന്ന നേരം
മണൽ വാരി ശോഷിച്ചു ചാലായിമാറിയ
പുഴയുടെ രോദനം ചെവിയിലെത്തി.
"ജലമൂറ്റിയെടുത്ത മനുഷ്യരെൻ
ജലനിധിയാകവെ കവർന്നെടുത്തു
മണൽ വാരിവാരിയിനിയവരെന്റെ
വാരിയെല്ലും മുറിച്ചെടുക്കും
അനുദിനം തള്ളുന്ന മാലിന്യമിന്നെന്റെ
ശ്വാസഗതിയ്കും തടസ്തമായി!
മീൻ പിടിക്കാൻ വിഷം കലക്കിയവരെന്റെ
മക്കളെയെല്ലാം കൊന്നൊടുക്കി
എന്നു വരുമിനി ധന്യരാം മാനവർ
ഭഗീരധനെപോൽ പ്രയത്നശാലി!
അന്ത്യശ്വാസം വലിക്കുമൊരമ്മതൻ
ചാരത്തിരിക്കാൻ,ഒന്നു തലോടുവാൻ!!!

Friday, July 10, 2009

വെള്ളിത്തിര

അമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്‌
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്‌
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്‌
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ്‌ പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.

Tuesday, June 16, 2009

ഇഷ്ടം വിചിത്രം

ഇഷ്ടമാണെനിക്കിന്നും എൻ മുത്തശ്ശി പാർത്ത വീടും
ഈ നാട്ടിൻപുറത്തിൻ മാറ്റുകൂടുമോരമ്പലവും.
അമ്പലമുറ്റത്തുള്ളോരാൽത്തറയെനിക്കിഷ്ടം
ആൽത്തറമേലിരുന്നു സൊള്ളുവാനേറെയിഷ്ടം
ആൽത്തറമേലെനിന്നും വിശറിവീശുമൊരു-
വൃദ്ധനാമാൽമരവുമെത്രയുമെനിക്കിഷ്ടം.
ആൽത്തറക്കരികിൽ നിൽക്കും മാവിനെയെനിക്കിഷ്ടം,
ആരുകൾ നിറഞ്ഞുള്ള മാങ്ങയുമെനിക്കിഷ്ടം.
അമ്പലക്കുളത്തിൽ കൂത്തുമറിയാനെനിക്കിഷ്ടം
ആറാട്ടുകുളിക്കുവാനോ അതിലുമേറെയിഷ്ടം.
പഴയതാം തറവാട്ടിലെ ഗന്ധമെനിക്കിഷ്ടം
കൊയ്തുകൂട്ടിയനെല്ലിൻ മണവുമെനിക്കിഷ്ടം
കൗതുകമേറുമെനിക്കെൻ പെണ്ണിന്റെ ഗന്ധമിഷ്ടം
പുതുമഴ പെയ്താൽ മന്നിൻ മണവുമെനിക്കിഷ്ടം.