Friday, January 22, 2010

കാവിലമ്മയോട്‌

കുന്തിപ്പുഴയുടെ തീരത്തു നിൽക്കുന്ന
ചന്തമിയന്നൊരു ദേവിതൻ ക്ഷേത്രത്തിൽ
വാണരുളീടുന്നു ദേവി മഹേശ്വരി
ദാരികനെ കൊന്ന ശ്രീഭദ്രകാളി!
ദേവിതൻ കൺകളിൽ തിനാളമുണ്ട്‌
സർവ്വവും പൂതമാക്കുമൊരഗ്നി
ഒരുകയ്യിൽ ഒളിമിന്നും പടവാളുമുണ്ട്‌
മറുകയ്യിൽ കൂർത്ത ചുരികയുമുണ്ട്‌
ഇനിയൊരു കയ്യിലോ ശൂലവുമുണ്ട്‌
ഇതരത്തിൽ ദാരികൻ തലയുമുണ്ട്‌
കണ്ണിൽ സ്ഫുരിക്കുമൊരഗ്നിയാലെന്റെ
ഉള്ളിലഹങ്കാരം ഭസ്മമാകട്ടെ!
കയ്യിലമരും പടവാളു കൊണ്ടെന്റെ
ഉള്ളിലസൂയതൻ വേരറുക്കട്ടെ!
മൂർച്ചയേറും ചുരികയാലെന്നുടെ
കാമമോഹങ്ങളെ ഛേദിച്ചിടട്ടെ!
വേറിട്ട ദാരികൻ തലയെന്നപോലെ
മാറട്ടെ എന്നിലെ മദമാത്സര്യങ്ങൾ!
ദാരികനെന്നിൽ തലയുയർത്തും നേരം
ശൂലത്താലവനുടെ തലയറുത്തീടണേ!

Wednesday, January 20, 2010

പുഴയുടെ രോദനം

താഴത്തു താളത്തിൽ ഇഴയും പുഴയുടെ
തീരത്തു ഞാൻ വന്നു നിന്ന നേരം
മണൽ വാരി ശോഷിച്ചു ചാലായിമാറിയ
പുഴയുടെ രോദനം ചെവിയിലെത്തി.
"ജലമൂറ്റിയെടുത്ത മനുഷ്യരെൻ
ജലനിധിയാകവെ കവർന്നെടുത്തു
മണൽ വാരിവാരിയിനിയവരെന്റെ
വാരിയെല്ലും മുറിച്ചെടുക്കും
അനുദിനം തള്ളുന്ന മാലിന്യമിന്നെന്റെ
ശ്വാസഗതിയ്കും തടസ്തമായി!
മീൻ പിടിക്കാൻ വിഷം കലക്കിയവരെന്റെ
മക്കളെയെല്ലാം കൊന്നൊടുക്കി
എന്നു വരുമിനി ധന്യരാം മാനവർ
ഭഗീരധനെപോൽ പ്രയത്നശാലി!
അന്ത്യശ്വാസം വലിക്കുമൊരമ്മതൻ
ചാരത്തിരിക്കാൻ,ഒന്നു തലോടുവാൻ!!!