Friday, July 10, 2009

വെള്ളിത്തിര

അമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്‌
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്‌
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്‌
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ്‌ പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.

Tuesday, June 16, 2009

ഇഷ്ടം വിചിത്രം

ഇഷ്ടമാണെനിക്കിന്നും എൻ മുത്തശ്ശി പാർത്ത വീടും
ഈ നാട്ടിൻപുറത്തിൻ മാറ്റുകൂടുമോരമ്പലവും.
അമ്പലമുറ്റത്തുള്ളോരാൽത്തറയെനിക്കിഷ്ടം
ആൽത്തറമേലിരുന്നു സൊള്ളുവാനേറെയിഷ്ടം
ആൽത്തറമേലെനിന്നും വിശറിവീശുമൊരു-
വൃദ്ധനാമാൽമരവുമെത്രയുമെനിക്കിഷ്ടം.
ആൽത്തറക്കരികിൽ നിൽക്കും മാവിനെയെനിക്കിഷ്ടം,
ആരുകൾ നിറഞ്ഞുള്ള മാങ്ങയുമെനിക്കിഷ്ടം.
അമ്പലക്കുളത്തിൽ കൂത്തുമറിയാനെനിക്കിഷ്ടം
ആറാട്ടുകുളിക്കുവാനോ അതിലുമേറെയിഷ്ടം.
പഴയതാം തറവാട്ടിലെ ഗന്ധമെനിക്കിഷ്ടം
കൊയ്തുകൂട്ടിയനെല്ലിൻ മണവുമെനിക്കിഷ്ടം
കൗതുകമേറുമെനിക്കെൻ പെണ്ണിന്റെ ഗന്ധമിഷ്ടം
പുതുമഴ പെയ്താൽ മന്നിൻ മണവുമെനിക്കിഷ്ടം.

Monday, April 27, 2009

ഗുരുനാഥൻ

എന്റെ ഗുരുനാഥനച്ചുവമ്മാവൻ
അച്ഛനുമമ്മക്കുമേറെ പ്രിയങ്കരൻ
കാഴ്ചയിൽ ശ്രീമാൻ,വാക്കിലൊ സൗമ്യനും
വേഴ്ചക്കോ ഉത്തമൻ,ഋജുത്വം ധരിച്ചവൻ
വശ്യമാം പുഞ്ചിരി സ്വായത്തമായവൻ,
വിശ്വാസയോഗ്യൻ,പരഗുണതൽപരൻ
ശിഷ്യസമ്പത്താൽ സമ്പന്നനായവൻ
നിശ്ചയദാർഢ്യം കൈമുതലുള്ളവൻ
ബാല്യത്തിലെന്നെ കേൾപ്പിച്ച കഥകൾ
ഇന്നുമെന്നുള്ളിൽ തെളിഞ്ഞുനിൽപ്പൂ.
രാമായണത്തിലെ രാമനും സീതയും
കുരുക്ഷേത്രഭൂവിലെ നായകന്മാരും
വാശിയേറീടും ഭാരതയുദ്ധത്തിൽ
വീ ററ്റ പാർത്ഥനു ധൈര്യമേകാൻ
ഗീത ചമച്ചൊരു ജ്ഞാനിതൻ രൂപവും
ഇന്നുമെന്നുള്ളിൽ തിളങ്ങി നിൽപ്പൂ.
എന്നിലെയെന്നെ ഞാനാക്കിമാറ്റുവാൻ
എൻ ഗുരുനാഥൻ പകർന്നൊരു സ്വാധീനം
നന്ദിയോടെ സ്മരിക്കുന്നീ വേളയിൽ
ധന്യതയേറുമീ ഭരണി നാളിൽ.
ആയിരം ചന്ദ്രനെക്കാണുമീ സുദിനത്തിൽ
ആരോഗ്യമോടെ ഇനിയും കഴിയുവാൻ
എൻ ഗുരുനാഥനു ഭാഗ്യം ലഭിക്കട്ടെ!!
എങ്ങും നിറഞ്ഞവൻ തുണച്ചിടട്ടെ!!

Wednesday, April 22, 2009

മുത്തശ്ശനും ജപ്തിയും

കുന്നത്തു വാസമുറപ്പിച്ചൊരാസാമി
കിട്ടുവാനുള്ള തൻ പണം പിരിക്കുവാൻ
എത്തിയൊരിക്കൽ മുത്തശ്ശന്റെ മുന്നിൽ
കുത്താമ്പുള്ളിക്കാരൻ ആമീനുമൊന്നിച്ച്‌

കത്തും വെയിലിൽ നടന്നുവലഞ്ഞൊരു
കുത്തമ്പുള്ളിക്കാരൻ തരകന്റെ ദാഹം
ഒട്ടുമുക്കാലും ശമിപ്പിച്ചു-മുത്തശ്ശി
കുട്ടിച്ചെമ്പിൽ കലക്കിയ സംഭാരം.
പാരം വിശപ്പാൽ വലഞ്ഞ തരകനും
പാതിയടഞ്ഞ തൻ കൺകൾ തുടച്ചിട്ടു
ചാരുകസേരയിൽ കുനിഞ്ഞിരിക്കും
മുത്തശ്ശനോടിങ്ങനെ ചൊല്ലി മെല്ലെ-
"പത്തു നാഴിക താണ്ടി ഞാനത്തിയീ
കാട്ടുമുക്കിൽ, അഹോ, നിങ്ങൾ കേൾക്കണം
കിട്ടിയില്ലെനിക്കൊന്നും കഴിക്കുവാൻ
കിട്ടുമോ വല്ലതും പശിയടക്കാൻ?"
കട്ടുപ്പത്തായത്തിൽ ചാരിക്കിടക്കുന്ന
മുത്തശ്ശിയെ നോക്കിപ്പറഞ്ഞു മുത്തശ്ശനും
"വിശന്നുവരുന്നവൻ വൈശ്വാനരനത്രേ!
കൊടുക്കുക വല്ലതും ബാക്കിയുണ്ടെങ്കിൽ"
വാഴയില തൻ നടുത്തുണ്ടമൊന്നതിൽ
ചോറുകൊണ്ടു മെനഞ്ഞൊരു കുന്നിന്മേൽ
മോരു വീഴ്തിയ കൂട്ടാൻ,കടുമാങ്ങയും
കൂട്ടിക്കുഴച്ചു കഴിച്ചു തരകനും
ഏമ്പക്കം വിട്ടു എണിട്ടൊരാമീൻ പിന്നെ
കൈ കഴുകി പടിമേലിരുന്നപ്പോൾ
മുത്തശ്ശൻ നൽകിയ പാളവിശറി
വീശി,തണുപ്പേറ്റി പറഞ്ഞു പതുക്കവേ-
"ആസാമിക്കു കൊടുക്കുവാനുള്ളൊരു,കാശ്‌
തൊണ്ണൂ റുറുപ്പിക നിങ്ങൾ കൊടുക്കുകിൽ
ജപ്തിനടപടി വേണ്ടെന്നു വച്ചിടാം
എന്റെ പണികളും കുറഞ്ഞു കിട്ടീടും"
"ചില്ലിക്കാശു ഞാനവനു കൊടുക്കില്ലാ
ജപ്തിനടപടി നിങ്ങൾ തുടങ്ങുക
ഉണ്ടു തൊഴുത്തിൽ ചോത്രയന്നൊരു പശു
പത്തു പെറ്റവൾ,പാലു തരുന്നവൾ
തെക്കുപടിഞ്ഞാട്ടു കൊമ്പു ചെരിഞ്ഞവൾ
നിങ്ങൾക്കു കൂട്ടാമവളേയും കുടെ!"
ഇപ്രകാരം കേട്ടു തെല്ലു കുപിതനായ്‌
ഇറങ്ങിനടന്നു നെടുമ്പുരയിലേക്കയാൾ
കാത്തു നിന്നീടും ആസാമി തന്നുടെ
കർണ്ണപുടത്തിൽ മന്ത്രിച്ചു തരകനും
"എന്നാൽ ഞങ്ങൾ കൊണ്ടു പൊകട്ടെ പയ്യിനെ"
എന്നു പറഞ്ഞവർത്തൊഴുത്തിൽ കടക്കവെ
ചാടിയെണീറ്റു മുത്തശ്ശൻ കസേരയിൽനി-
ന്നുരിയെടുത്തൂ വടി വളയിൽ നിന്നും
"പയ്യിനെ തൊട്ടാൽ- ചതക്കും ഞാൻ രണ്ടിനേം"
എന്നലറിയടുക്കുന്ന മുത്തശ്ശനെ
കണ്ടു ഭയന്നൊരാസാമിയും ആമീനും
ഒട്ടച്ചാട്ടത്തിൽ പടിക്കു പുറത്തു പോയ്‌!.

Monday, March 9, 2009

മധുരമീ ബന്ധനം

സ്വർണ്ണനൂലിനാലുള്ളൊരീ ബന്ധനം
സ്വർഗ്ഗീയ സൗഖ്യത്തിൻ നാന്ദിയത്രേ!
പണ്ടു പലരും പറഞ്ഞപോൽ ബാന്ധവം
പാരതന്ത്ര്യമല്ലെന്നെപ്പൊഴുമോർക്കണം
പൂർണ്ണമത്രേ സർവ്വേശ്വരസൃഷ്ടികൾ
പൂർണ്ണസ്വാതന്ത്ര്യമവർക്കു വിധിച്ചതും
പരസ്പരപൂരകമാകട്ടെ നിങ്ങൾ തൻ
കർമ്മേന്ദ്രിയങ്ങൾ തൻ വൃത്തികൾ സർവ്വവും
നിങ്ങൾക്കു തീർക്കാം സ്വർഗ്ഗമീ ഭൂമിയിൽ
നിത്യനായവൻ തുണക്കട്ടെ നിത്യവും!

Saturday, March 7, 2009

!രസതന്ത്രം ഉണ്ണിക്ക്‌ മഹാമന്ത്രം

അമ്മക്കൊരുണ്ണി പിറന്നു,ജാനകി-
യമ്മക്കൊരുണ്ണി പിറന്നു.
കണ്ണന്റെ പേരും കിട്ടി, അവൻ
കണ്ണനെപ്പോലെ വളർന്നു.
വിരുതരിൽ വിരുതനായി, അവൻ
വികൃതിയിൽ മുമ്പനായി.
പഠനത്തിലഗ്രഗണ്യൻ അവൻ
ഗുരുഭൂതർക്കാനന്ദമായ്‌
ഭക്തയാമമ്മതൻ പ്രാർത്ഥനയാൽ
മുത്തശ്ശി തന്നുടെ പ്രേരണയാൽ
മണിമാസ്റ്റർ തന്നുടെ പ്രാഭവത്താൽ
രസതന്ത്രം ഉണ്ണിക്ക്‌ രസമായ്‌ തീർന്നു
.
ബിരുദങ്ങൾ മേൽക്കുമേൽ നേടിയപ്പോൾ
ജോലികൾ,പദവികൾ തേടിയത്തി-
ഉണ്ണിയെ തേടിയെത്തി
രാജ്യങ്ങൾ പലതിലും സഞ്ചരിച്ചു
ജോലികൾ പലതിലും വ്യാപരിച്ചൂ.
ഇതിനകം സുനിതയും കൂട്ടിനെത്തി
കുസുമങ്ങൾ മൂന്നണ്ണം സ്വന്തമായി
രസതന്ത്രം ഹരമായ്‌ മാറിയപ്പോൾ
അറിവിന്റെ കൊടുമുടി കീഴടങ്ങി
രസതന്ത്രം മന്ത്രമായ്‌ മാറിയപ്പോൾ
ഗവേഷണം യജ്ണമായ്‌ തീർന്നു
അന്ധനു കാഴ്ച ലഭിച്ചുവത്രേ! ഹൃദ്‌-
രോഗിക്കു പുതുജീവൻ കിട്ടിയത്രേ!
ഭാരതദേശത്തിന്നഭിമാനമായ്‌
യജ്ണങ്ങളനവധി ചെയ്തുതീർക്കാൻ
ആയുസ്സു നൽകട്ടെ ഗുരുവായുരപ്പൻ ഉണ്ണിക്ക്‌
ആരോഗ്യം നൽകട്ടെ ഗുരുവായൂരപ്പൻ

Thursday, January 8, 2009

പ്രതിപക്ഷം

"കൃഷ്ണൻ കള്ളനത്രെ!
കട്ടുവത്രെ സ്യമന്തകം!"
"കൃഷ്ണൻ കൊലയാളിയത്രെ!
കൊന്നുവത്രെ പ്രസേനനെ!"
ജനമിളകി,ഇരമ്പി
പരന്നു കഥകളനവധി
ഒടുവിലെത്തീ കഥകൾ
കൃഷ്ണൻ തൻ ചെവിയിലും
മാഞ്ഞില്ലൊട്ടും പുഞ്ചിരി
മനോഹരം മാസ്മരീകം
സത്യം തന്നെ പുറപ്പെട്ടു
സത്യാന്വേഷണ തത്പരൻ
കണ്ടെത്തീ ജഡം രണ്ടെണ്ണം
പ്രസേനന്റെ,മൃഗരാജന്റേയും
അന്വേഷണം കൊണ്ടെത്തിച്ചൂ
ഒരു തമോഗഹ്വരത്തിൽ
പൊരുതീ രണ്ടുപേരും
ജാമ്പവാനും,കൃഷ്ണനും
പോരിൽ ഊക്കറിഞ്ഞപ്പോൾ
അറിഞ്ഞൂ-രാമനെന്ന്
മാപ്പിരന്നൂ കപിശ്രേഷ്ഠൻ
നൽകീ രത്നങ്ങൾ രണ്ടെണ്ണം
സ്യമന്തകം,ജാമ്പവതിയും!!
ജനമെത്തീ വരവേൽക്കാൻ
കൃഷ്ണൻ പുഞ്ചിരി തൂകീ
മനോഹരം,മാസ്മരീകം!
എന്നിട്ടും വിട്ടില്ലവനെ
എന്നത്തേയും പ്രതിപക്ഷം
പോൽ ചിലർ
"ഇതെല്ലാം വെറും ജാട
കൃഷ്ണൻ കൊലയാളിയും
കള്ളത്തിരുമാലിയും തന്നേ
പുറത്തെടുത്തൂ സ്യമംതകം
ജനരോഷത്തെ ഭയന്നവൻ
പാവം വൃദ്ധനെ മർദ്ദിച്ചൂ
അടിച്ചെടുത്തൊരു പെണ്ണിനെ"
ചമച്ചൂ കഥകളനവധി-
കള്ളക്കഥകളനവധി
മാഞ്ഞില്ലപ്പ്പ്പൊഴും പുഞ്ചിരി
പാൽപുഞ്ചിരി
മഴവിൽ കണ്ട പൈതലിൻ ചിരി

Sunday, January 4, 2009

മുടവനം കാവ്‌ അയ്യപ്പൻ

പതിന്നാലു ദേശത്തിനാധാരമായ്‌ നിൽക്കും
പരമാത്മതത്ത്വമേ പരമ്പൊരുളേ
മുടവനാം കാവിലെ അണയാത്ത ദീപമായ്‌
മരുവും ചിദാനന്ദ ദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിക്കും പൊന്നയ്യപ്പനേ
അന്ധകാരത്തിൽ ഗതി മുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
വിത്തത്തിലാശ പെരുകാതിരിക്കണേ
തത്ത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നുപോയീടുവാൻ
പരമാത്മതത്ത്വത്തിലലിയാൻ തുണക്കണേ