Saturday, August 4, 2012

മണിയറയില്‍ നിന്നുള്ള അടയാളവാക്യങ്ങള്‍


"എന്തിനു ഊരീ പ്രിയേ! ഈ പൊന്മോതിരങ്ങള്‍ ,
ചന്തമേകുന്നു ഇവക്കു നിന്‍ കരാംഗുലികള്‍"

"കല്ല് കല്ല്യാണിയായതാം ഒരു കഥ
വല്ലഭാ ഞാന്‍ കേട്ടൂ; നിന്‍ പാദസ്പര്‍ശത്താല്‍!
ഉണ്ടേറേ കല്ലുകള്‍ എന്‍ മൊതിരങ്ങളില്‍,
ഉണ്ടവയില്‍ നവരത്നമോതിരങ്ങളും
തെല്ലുണ്ട്‌ ഭയം! എനിക്കി ശയ്യാഗൃഹത്തില്‍
കല്ല്യാണിമാരുണ്ടായാലോ നിന്‍ സ്പര്‍ശത്താല്‍!"

"വേണ്ടല്‍പ്പവും ഭയം ഈ മണിയറയില്‍
ഏകപത്നീവൃതം ഞാനെടുത്തൂ ദേവീ
കല്ല്യാണിമാരെത്രയുണ്ടായാലും പാരില്‍
കല്ല്യാണി നീ മാത്രമെനിക്കു പത്നി"

ഓതിപോല്‍ ശ്രീരാമന്‍ മാരുതീകര്‍ണ്ണങ്ങളില്‍
സീതക്കു നല്‍കാനീ അടയാളവാക്യം!


ഓണക്കാലം

കള്ളക്കര്‍ക്കിടകം കഴിഞ്ഞുപോയി-
പൊന്‍ ചിങ്ങമാസം തുടങ്ങിക്കഴിഞ്ഞു.
പൊന്നിന്‍ കിരിടമണിഞ്ഞു മാവേലി
വന്നുചേരും പോല്‍ തിരുവോണനാളില്‍!
അത്തം മഴയില്‍ കുതിര്‍ന്നുപോയാല്‍-
വെയിലില്‍ തിളങ്ങും പോല്‍ ഓണക്കാലം!
മാവേലിമന്നന്‍ വരുന്ന കാലം
മലയാളമക്കള്‍ക്കൊരുത്സവക്കാലം.

അച്ഛനുമമ്മക്കും സന്തോഷമാവാന്‍,
മക്കളെല്ലാവരും ചേരുന്ന കാലം.
ദൂരെയുള്ളവര്‍ വരുന്നകാലം,
ദാരിദ്ര്യമെല്ലാം മറക്കു(യ്ക്കു)ന്ന കാലം!
പൂക്കള്‍ നിറയെ വിരിയുന്ന കാലം,
പൂവിളി വാനിലുയരുന്നകാലം,
കുട്ടികള്‍ക്കെല്ലാം ഒഴിവുകാലം,
കൊട്ടയില്‍ പൂക്കള്‍ നിറയും കാലം,
മുറ്റത്തു പൂക്കളം തീര്‍ക്കുന്ന കാലം,
മുറ്റത്ത്‌ തേവരെ വക്കുന്നകാലം,
ഓണപ്പുടവ ലഭിക്കുന്നകാലം,
ഓണമുണ്ണാന്‍ കാണം വില്‍ക്കുന്ന കാലം.
പുത്തനുടുപ്പുകള്‍ ധരിക്കുന്നകാലം,
ചെത്തിനടക്കുവാന്‍ തോന്നുന്നകാലം,
അമ്മക്കടുക്ക്ലയില്‍ തിരക്കുകാലം,
അടുപ്പൊന്നു വേറേ കൂട്ടുന്നകാലം.
സദ്യവട്ടങ്ങള്‍ നിറയുന്നകാലം,
തീന്‍ മേശ വട്ടം കുറയുന്നകാലം
'ടി.വി'യിലൊക്കെപ്പരസ്യകാലം,
'നെറ്റില്‍' മെസ്സേജിന്റെ പൂരക്കാലം!
ചന്തയില്‍ പോയാല്‍ തീവിലക്കാലം,
ചിന്തിച്ചാലോ മനം പൊള്ളുന്നകാലം.
കര്‍ഷകര്‍ക്കൊക്കെയും കഷ്ടകാലം,
കച്ചോടക്കാര്‍ക്കൊരു കൊയ്ത്തുകാലം,.

മാവേലിമന്നന്‍ വരുന്നകാലം,
മലയാളമാക്കള്‍ക്കൊരുത്സവക്കാലം!

Tuesday, November 15, 2011

'അമ്മ'യുടെ അര്‍ത്ഥം

അമ്മയെന്നപദം ആദ്യമായ്‌ ചൊല്ലിപോല്‍
അര്‍ത്ഥമറിയാത്ത വാക്കാണതിന്നും
അര്‍ത്ഥമറിയുവാന്‍ നിഘണ്ടുകള്‍ നൊക്കി
അര്‍ത്ഥമില്ലാത്ത ചില അര്‍ത്ഥങ്ങള്‍ കിട്ടി.

അമ്മതന്‍ രൂപമില്ലാത്തൊരര്‍ത്ഥം,
അമ്മതന്‍ ഭാവമില്ലാത്തൊരര്‍ത്ഥം,
അമ്മമനസ്സൊട്ടുമില്ലാത്തൊരര്‍ത്ഥം,
എത്ര നിരര്‍ത്ഥകം, ഓര്‍ത്താലൊ ദു:സഹം!

അമ്മക്കില്ലേ നിരവധി രൂപങ്ങള്‍?
നിഷ്കളങ്കയാമൊരു ബാലികാരൂപം,
സ്വപ്നങ്ങള്‍ നെയ്യും കുമാരിതന്‍ രൂപം,
യൗവ്വനയുക്തതന്‍ ലാവണ്യരൂപം,
കല്ല്യാണപ്പന്തലില്‍ മുഗ്ധരുപം,
ഗര്‍ഭകാലത്തെ ദീനരൂപം,
അമ്മയാകുമ്പോള്‍ ഒരമ്മതന്‍ രുപം,
മുത്തശ്ശിയാകുമ്പോള്‍ മുത്തശ്ശി രുപം,
അന്നമൂട്ടുമ്പോള്‍ ഒരന്നപൂര്‍ണ്ണ!
കൈനീട്ടമേകുമ്പോള്‍ ശ്രീമഹാലക്ഷ്മി,
തൊട്ടുതലോടുമ്പോള്‍ ശ്രീ പരമേസ്വരി,
എണ്ണിയാല്‍ തിരാത്ത സുന്ദര രുപങ്ങള്‍!!

എണ്‍ണ്മറ്റുള്ളതാം രൂപഭാവങ്ങളും
സമാനതയില്ലാത്ത 'തങ്ക'മനസ്സും
ചേര്‍ത്തുവെച്ചുകൊണ്ടര്‍ത്ഥം പറയുവാന്‍
അക്ഷരങ്ങള്‍ക്കാകുമോ; ഇല്ലില്ല നിശ്ചയം
ആര്‍ക്കാകുമമ്മതന്‍ അര്‍ത്ഥം പറയുവാന്‍
അമ്മേ മഹാമായേ നീ തന്നെ ശരണം
അമ്മേ മഹാമായേ നി തന്നെ ശരണം
നീ തന്നെ ശരണം,നീ തന്നെ ശരണം.


ശുഭം

Monday, November 14, 2011

പേരിലുണ്ട്‌ പലതും!

പേരിലെന്തിരിക്കുന്നു? ചോദ്യം
പേരിലുണ്ട്‌ പലതും! ഉത്തരം
പേരിലെന്താ ഇത്രക്കിരിക്കാന്‍?
പോരു വേണ്ടാ പറയാം, ഇരിക്കു.
ആരു നല്‍കീ ഈ നദിക്കൊരു പേര്‌,
കാവേരിയെന്നൊരു പെണ്ണിന്റെ പെര്‌.
വേറെയില്ലേ നദികളനേകം
പേരവക്കും പെണ്ണിന്റെ പേരുകള്‍!
സിന്ധുവെന്നും സരസ്വതിയെന്നും
ഗംഗയും യമുനയും ഗോദാവരിയും
എന്തിനിട്ടു പോയവര്‍ നദിക്കൊക്കെ
സുന്ദരിമാരുടെ പേരുകള്‍ മാത്രം!
ഇല്ലേ നിനക്കൊരു പൊന്നു പെങ്ങള്‍
കാവേരിയെന്നൊരു സുന്ദരിക്കോത
കള്ളുകുടിച്ചൊരു കശ്മലന്‍ വന്നു
പൊന്നു പെങ്ങളെ കയറിപ്പിടിച്ചാല്‍
കയ്യു കെട്ടി നീ നോക്കി നില്‍ക്കുമോ?
പല്ലിടിച്ചവന്റെ കയ്യില്‍ കൊടുക്കുമൊ?
ഇല്ലെ നിന്നുടെ വീടിന്റെ പിന്നിലായ്‌
അല്ലലില്ലാതൊഴുകുന്ന കാവേരി
നഞ്ഞുകലക്കും ചെകുത്താന്മാര്‍ വന്നാല്‍
മണല്‍ കൊള്ളയടിക്കുന്ന കൂട്ടര്‍ വന്നാല്‍
കുപ്പ പുഴയിലൊഴുക്കാന്‍ വന്നാല്‍
അയ്യേ !നിനക്കാകുമോ നോക്കിനില്‍ക്കാന്‍?
ആരല്ല നിന്റെ പെങ്ങളിപ്പോള്‍
നീര്‍ തരും സുന്ദരി കാവേരിയോ?
പേരിട്ടിവള്‍ക്ക്‌ കാരണോന്മാര്‍
സ്നേഹിച്ചിവളെ തന്‍ പുത്രിയേ പോല്‍
'പേരിലുണ്ട്‌ പലതു'മെന്നുളൊരു
നേരു നിനക്കു മനസ്സിലായോ?
ശുഭം

Monday, November 8, 2010

പ്രാര്‍ഥന

അജ്ഞാനമന്ധകാരം ജ്ഞാനമോ പ്രകാശവും
വിജ്ഞാന ലോകമെത്താന്‍ മാര്‍ഗ്ഗം തുറന്നീടണേ !
രോഗങ്ങള്‍ ദു:ഖകരം ആരോഗ്യം ആഹ്ളാദവും
ദു:ഖത്തെ നേരിടുവാന്‍ ശക്തി ലഭിച്ചീടണേ !
കാമമൊഹാദികലും ലോഭവും മാത്സര്യവും
കെട്ടുകള്‍ നെയ്തു നമ്മേ അടിമയായ്‌ മാറ്റീടുന്നു,
കെട്ടുകള്‍ പൊട്ടിച്ചീടാന്‍ കെല്‍പുലഭിച്ചീടണേ !
നിത്യ സത്യത്തിന്‍ ജ്ഞാനമുള്ളിലുദിച്ചീടണേ
മാനവ ഹ്രിദയമാം വീണയിലുണരട്ടെ
മാധവ സ്നേഹത്തിണ്റ്റെ രാഗതരംഗമെന്നും

ശുഭം

വെളിച്ചം വരട്ടെ

അന്ധകാരത്തിന്നറുതിവരുത്തുവാന്‍
പന്തംകൊളൂത്തിക്കളത്തിലിറങ്ങുന്ന
ധന്യനാം ഗുരുനാഥന്‍ സൂര്യദേവനെ
വന്ദിക്കുന്നു, സൂര്യഗായത്രിമന്ത്രത്താല്‍!

പഞ്ചഭൂതാത്മകം ലോകത്തെക്കാണുവാന്‍
പഞ്ചേന്ദ്രിയങ്ങളിലഗ്രജന്‍ കണ്ണിനും
ഇന്ദ്രജാലം നിറക്കും മനക്കണ്ണിനും
കണ്ണായ കണ്ണനെ കൈതൊഴുന്നു,സദാ

നേത്രരോഗങ്ങളാല്‍ പീഡിതരാമൊരു-
കൂട്ടം ജനങ്ങള്‍ക്ക്‌ കാഴ്ച ലഭിക്കുവാന്‍
യ്ജ്ഞം നടത്തുമനേകം വിദഗ്ദ്ധര്‍ക്ക്‌
നേരുന്നൊരായിരം മംഗളാശംസകള്‍

ശുഭം

നേത്രശസ്ത്രക്രിയയെത്തുടര്‍ന്ന്‌ കാഴ്ച കിട്ടിയ ഒരു വ്യക്തി.

Thursday, October 21, 2010