Monday, November 14, 2011

പേരിലുണ്ട്‌ പലതും!

പേരിലെന്തിരിക്കുന്നു? ചോദ്യം
പേരിലുണ്ട്‌ പലതും! ഉത്തരം
പേരിലെന്താ ഇത്രക്കിരിക്കാന്‍?
പോരു വേണ്ടാ പറയാം, ഇരിക്കു.
ആരു നല്‍കീ ഈ നദിക്കൊരു പേര്‌,
കാവേരിയെന്നൊരു പെണ്ണിന്റെ പെര്‌.
വേറെയില്ലേ നദികളനേകം
പേരവക്കും പെണ്ണിന്റെ പേരുകള്‍!
സിന്ധുവെന്നും സരസ്വതിയെന്നും
ഗംഗയും യമുനയും ഗോദാവരിയും
എന്തിനിട്ടു പോയവര്‍ നദിക്കൊക്കെ
സുന്ദരിമാരുടെ പേരുകള്‍ മാത്രം!
ഇല്ലേ നിനക്കൊരു പൊന്നു പെങ്ങള്‍
കാവേരിയെന്നൊരു സുന്ദരിക്കോത
കള്ളുകുടിച്ചൊരു കശ്മലന്‍ വന്നു
പൊന്നു പെങ്ങളെ കയറിപ്പിടിച്ചാല്‍
കയ്യു കെട്ടി നീ നോക്കി നില്‍ക്കുമോ?
പല്ലിടിച്ചവന്റെ കയ്യില്‍ കൊടുക്കുമൊ?
ഇല്ലെ നിന്നുടെ വീടിന്റെ പിന്നിലായ്‌
അല്ലലില്ലാതൊഴുകുന്ന കാവേരി
നഞ്ഞുകലക്കും ചെകുത്താന്മാര്‍ വന്നാല്‍
മണല്‍ കൊള്ളയടിക്കുന്ന കൂട്ടര്‍ വന്നാല്‍
കുപ്പ പുഴയിലൊഴുക്കാന്‍ വന്നാല്‍
അയ്യേ !നിനക്കാകുമോ നോക്കിനില്‍ക്കാന്‍?
ആരല്ല നിന്റെ പെങ്ങളിപ്പോള്‍
നീര്‍ തരും സുന്ദരി കാവേരിയോ?
പേരിട്ടിവള്‍ക്ക്‌ കാരണോന്മാര്‍
സ്നേഹിച്ചിവളെ തന്‍ പുത്രിയേ പോല്‍
'പേരിലുണ്ട്‌ പലതു'മെന്നുളൊരു
നേരു നിനക്കു മനസ്സിലായോ?
ശുഭം

2 comments:

kps said...

ഈയിടെ ഒരു തിരുപ്പതിയാത്രയുണ്ടായി.വഴിയില്‍ ഭവാനിയിലും കേറിത്തൊഴുതാണ്‌ പോയത്‌.ഭവാനി സംഗമേശ്വരസന്നിധിയില്‍ കുറച്ചേറെ സമയം ചിലവഴിക്കയും ചെയ്തു.അവിടെ മൂന്നു പുഴകളുടെ സംഗമമാണത്രെ.കാവേരി,ഭവാനി പിന്നെ അന്തര്‍വാഹിനിയായി അമൃത.(അമൃത ഒരു സാനിധ്യ സംകല്‍പമാണത്രെ.)അവിടിരുന്നപ്പോള്‍ തോന്നിയ ഓരോ തോന്നലുകള്‍ ഇങ്ങനെ കുറിച്ചുവച്ചു എന്നു മാത്രം.കാവേരിയുടെ തിരത്തു ഞങ്ങള്‍ടെ ഒരു കുട്ടിയും താമസിക്കുന്നുണ്ട്‌.അപ്പോള്‍ ആ കുട്ടിയേയും ഓര്‍ത്തു.ഈ വരികള്‍ ആ കുട്ടിക്ക്‌ കൊടുക്കുന്നു.

Nirmala Varier said...

ആണിന്റെ പേരുള്ള ഒരേ ഒരു നദി ‘ബ്രഹ്മപുത്ര’യാണു ത്രെ... ഇതിലുന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്കു ഉത്തരമാരു തരും??? -കാവെരിയുടെ തീരത്തു വസിക്കുന്ന നിങ്ങളുടെ സ്വന്തം കുട്ടി...