Saturday, August 4, 2012

ഓണക്കാലം

കള്ളക്കര്‍ക്കിടകം കഴിഞ്ഞുപോയി-
പൊന്‍ ചിങ്ങമാസം തുടങ്ങിക്കഴിഞ്ഞു.
പൊന്നിന്‍ കിരിടമണിഞ്ഞു മാവേലി
വന്നുചേരും പോല്‍ തിരുവോണനാളില്‍!
അത്തം മഴയില്‍ കുതിര്‍ന്നുപോയാല്‍-
വെയിലില്‍ തിളങ്ങും പോല്‍ ഓണക്കാലം!
മാവേലിമന്നന്‍ വരുന്ന കാലം
മലയാളമക്കള്‍ക്കൊരുത്സവക്കാലം.

അച്ഛനുമമ്മക്കും സന്തോഷമാവാന്‍,
മക്കളെല്ലാവരും ചേരുന്ന കാലം.
ദൂരെയുള്ളവര്‍ വരുന്നകാലം,
ദാരിദ്ര്യമെല്ലാം മറക്കു(യ്ക്കു)ന്ന കാലം!
പൂക്കള്‍ നിറയെ വിരിയുന്ന കാലം,
പൂവിളി വാനിലുയരുന്നകാലം,
കുട്ടികള്‍ക്കെല്ലാം ഒഴിവുകാലം,
കൊട്ടയില്‍ പൂക്കള്‍ നിറയും കാലം,
മുറ്റത്തു പൂക്കളം തീര്‍ക്കുന്ന കാലം,
മുറ്റത്ത്‌ തേവരെ വക്കുന്നകാലം,
ഓണപ്പുടവ ലഭിക്കുന്നകാലം,
ഓണമുണ്ണാന്‍ കാണം വില്‍ക്കുന്ന കാലം.
പുത്തനുടുപ്പുകള്‍ ധരിക്കുന്നകാലം,
ചെത്തിനടക്കുവാന്‍ തോന്നുന്നകാലം,
അമ്മക്കടുക്ക്ലയില്‍ തിരക്കുകാലം,
അടുപ്പൊന്നു വേറേ കൂട്ടുന്നകാലം.
സദ്യവട്ടങ്ങള്‍ നിറയുന്നകാലം,
തീന്‍ മേശ വട്ടം കുറയുന്നകാലം
'ടി.വി'യിലൊക്കെപ്പരസ്യകാലം,
'നെറ്റില്‍' മെസ്സേജിന്റെ പൂരക്കാലം!
ചന്തയില്‍ പോയാല്‍ തീവിലക്കാലം,
ചിന്തിച്ചാലോ മനം പൊള്ളുന്നകാലം.
കര്‍ഷകര്‍ക്കൊക്കെയും കഷ്ടകാലം,
കച്ചോടക്കാര്‍ക്കൊരു കൊയ്ത്തുകാലം,.

മാവേലിമന്നന്‍ വരുന്നകാലം,
മലയാളമാക്കള്‍ക്കൊരുത്സവക്കാലം!

No comments: