Wednesday, January 20, 2010

പുഴയുടെ രോദനം

താഴത്തു താളത്തിൽ ഇഴയും പുഴയുടെ
തീരത്തു ഞാൻ വന്നു നിന്ന നേരം
മണൽ വാരി ശോഷിച്ചു ചാലായിമാറിയ
പുഴയുടെ രോദനം ചെവിയിലെത്തി.
"ജലമൂറ്റിയെടുത്ത മനുഷ്യരെൻ
ജലനിധിയാകവെ കവർന്നെടുത്തു
മണൽ വാരിവാരിയിനിയവരെന്റെ
വാരിയെല്ലും മുറിച്ചെടുക്കും
അനുദിനം തള്ളുന്ന മാലിന്യമിന്നെന്റെ
ശ്വാസഗതിയ്കും തടസ്തമായി!
മീൻ പിടിക്കാൻ വിഷം കലക്കിയവരെന്റെ
മക്കളെയെല്ലാം കൊന്നൊടുക്കി
എന്നു വരുമിനി ധന്യരാം മാനവർ
ഭഗീരധനെപോൽ പ്രയത്നശാലി!
അന്ത്യശ്വാസം വലിക്കുമൊരമ്മതൻ
ചാരത്തിരിക്കാൻ,ഒന്നു തലോടുവാൻ!!!

1 comment:

kps said...

പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട്ടെ പുഴയാണ്‌ കുന്തിപ്പുഴ.അതിന്റെ തീരത്തുള്ള ഭഗവതിക്കാവാണ്‌ പോത്തോഴിക്കാവ്‌.കാവിലമ്മക്ക്‌ കൊല്ലത്തിലൊരിക്കൽ ഒരുമാസത്തെ കളം പാട്ടുണ്ട്‌.പണ്ടൊക്കെ,എന്നുവെച്ചാൽ 'ശ്ശി" പണ്ടൊന്നുമല്ല,ഞങ്ങൾ ഇവിടെ വന്നകാലത്ത്‌,ഒരു 33 കൊല്ലം മുമ്പ്‌,കളമ്പാട്ടിനു ചെന്നാൽ background musicആയി പുഴയുടെ കളകളാരവം കേൾക്കാം.കുറുപ്പിന്റെ പാട്ടിനും,ചെണ്ടമേളത്തിനും,കടും നിറത്തിലുള്ള കളത്തിന്റെ മുന്നിലിരിക്കുമ്പോൾ, കണ്ണുകളിൽ വീഴുന്ന ചെറിയൊരു ഉറക്കാലസ്യത്തിനുമൊക്കെ ഒരു തലോടലായിട്ടുണ്ടായിരുന്ന ആ കളകളാരവം ഇപ്പൊ കേൾക്കാനേയില്ല.കേൾപ്പിക്കാൻ ,കുഞ്ഞു കുഞ്ഞു പാറക്കല്ലുകളിലുടക്കി കിലുങ്ങിച്ചിലച്ചൊഴുകാൻ,പുഴയിൽ വെള്ളമെവിടെ?ആരെ കുറ്റം പറയാൻ?ഈ പറയുന്ന ഞാനടക്കം വീടുവെക്കാൻ,അല്ലെങ്കിൽshopingcomplex കെട്ടാൻ,ഈ മണലൂറ്റുകയല്ലേ?ഏതു വേണ്ടെന്നു വെക്കാൻ?എങ്കിലും ഇന്നത്തെ പുഴ കാണുമ്പോൾ സങ്കടം തോന്നുന്നു.അതു മന്ത്രിക്കുന്ന പോലെ ഒഴുകുന്നത്‌ അതിന്റെ വേദനയണെന്നു തൊന്നുന്നു.എന്തു പറയാൻ?എന്തു ചെയ്യാൻ?