Wednesday, November 5, 2008

യശോദയുടെ വിശ്വരൂപദർശ്ശനം(ഒരു കൈകൊട്ടിക്കളിപ്പാട്ട്‌വഞ്ചിപ്പാട്ടു രീതി)

കണ്ണൻ തന്റെ കൂട്ടുകാരാമഞ്ചാറുപേരോടിവന്നു
അമ്മയാകും യശോദയോടിങ്ങനെ ചൊല്ലി
മണ്ണുകൊണ്ടുതീർത്തൊരപ്പംതിന്നുതീർത്തു കണ്ണനിപ്പോൾ
കണ്ണൻ തന്നോരപ്പമിതാ,തിന്നതില്ലാ ഞങ്ങൾ
ഇപ്രകാരം കേട്ടനേരം ക്രുദ്ധയായി യശോദയും
കണ്ണനെപ്പിടിച്ചിരുത്തി വായ്‌ പൊളിപ്പിച്ചൂ
വായിലുണ്ടോ മണ്ണെന്നു ഞാൻ നോക്കീടട്ടെയെന്നു ചൊല്ലി
ക്രോധമോടെ കണ്ണൻ മുന്നിൽ കുനിഞ്ഞിരുന്നൂ
മണ്ണു മാത്രമല്ലാ കണ്ടൂ വിണ്ണും കണ്ടൂ വായ്ക്കകത്ത്‌
വിണ്ണിൽ സൂര്യൻ,അമ്പിളിയും തിളങ്ങി നിൽപ്പൂ!
കോടികോടി നക്ഷത്രങ്ങൾ അഞ്ചിരട്ടി ഗ്രഹങ്ങളും
നീറിനീറി നിൽക്കുന്നതുമവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂമൂന്നുലോകം,മൂന്നുകാലം
വർണ്ണചിത്രങ്ങളെപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂ മൂന്നുമൂർത്തി,മൂന്നവസ്ഥ
മിന്നിമറയുന്നപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂപർവ്വതങ്ങൾ,സമുദ്രങ്ങൾ
സർവ്വജീവജാലങ്ങളുമവൾക്കുകാണാം
മണ്ണുമാത്രമല്ലാകണ്ടൂഭാരതഖ്ണ്ടവുംകണ്ടൂ
അമ്പാടിയിൽ കളിക്കുന്നകണ്ണനേം കണ്ടൂ!
കണ്ണൻ മുൻപിലിരിക്കുന്ന തന്റെ രൂപം കണ്ടാനവൾ
ഭീതിയാലെ നിലത്തവൾ തരിച്ചിരുന്നൂ!
ഏവം വിശ്വരൂപം കണ്ടു ചകിതയായ്‌ യശോദയും
കണ്ണനോടു വായടക്കാൻ കേണപേക്ഷിച്ചൂ
കണ്ണനപ്പോൾ വായടച്ചൂ യശോദയും സന്തുഷ്ടയായ്‌
കണ്ണനെയെടുത്തിട്ടവൾമാറോടണച്ചൂ!

6 comments:

വിനോദ് said...

നന്നായിരിയ്ക്കുന്നു ...

ഈശ്വര ചിന്ത , അവിടത്തെ ലീലകളെ പ്രകീര്‍ത്തിച്ചു കൊണ്ടു കീര്‍ത്തനങ്ങള്‍ രചിയ്ക്കുക ... ഇതൊക്കെ ചെയ്യാനും , നോന്നിയ്ക്കാനും വേണം ഈശ്വര കടാക്ഷം ... ഇനിയും എഴുതാനുള്ള ത്രാണി തരട്ടെ ഗുരുവായൂരപ്പന്‍ ...

എല്ലാ മംഗളങ്ങളും ...

വിനോദ് said...

ഇടയ്ക്ക് പുരാണ കഥകള്‍ , സുഭാഷിതങ്ങള്‍ എന്നിവയൊക്കെയാകാം ...

മംഗളങ്ങള്‍ ...

kps said...

നന്ദി,വിനോദ്‌
ശ്രമിക്കാം,നിങ്ങളുടെയൊക്കെ നല്ല വാക്കുകളും ഒരു പ്രചോദനമാണ്‌.

ഗുരുജി said...

സര്‍
നല്ല തിരുവാതിരപ്പാട്ടുകള്‍ ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യുമോ?
ബൂലോകത്തെങ്ങും കിട്ടാത്തതു തിരുവാതിരപ്പാട്ടുകളാണ്‌.....ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യുമല്ലോ...
ഈ പോസ്റ്റിനു നന്ദി..നന്ദി.

kps said...

രഘുവംശി,
തിരുവാതിരപ്പാട്ടെന്നുദ്ദേശ്ശിച്ച്തതു കൈകൊട്ടിക്കളിപ്പാട്ടാണോ?തിരുവാതിരപ്പാട്ട്‌,പണ്ടു തിരുവാതിരക്കാലത്തു സ്ത്രീകൾ തുടിച്ചുകുളിക്കുമ്പോൾ പാടുന്ന പാട്ടുകളാണെന്നു തോന്നുന്നു.(പിന്നെങ്ങിനെ youthfestiwel-ൽ കൈകൊട്ടിക്കളിക്കു ഈ പേരു വന്നെന്നറിയില്ല.)ഏതായാലുംകൈകൊട്ടിക്കളിയുടെ ലോകം എനിക്കത്ര പരിചിതമല്ല.പക്ഷേ ഈയിടെയായി പരിചയപ്പെട്ടു വരുന്നു.എന്റെ കൈയിലുള്ളതു,ഒന്നുരണ്ടെണ്ണം ഞാൻ post ചെയ്യാം.ഈയിടെ പരിചയപ്പെട്ടതിന്റെ ഛായയിൽ എഴുതിയതാണ്‌ ഇത്‌.ഏതായാലും എഴുത്ത്‌ ശ്രദ്ധിച്ചതിൽ നന്ദി.

Inji Pennu said...

നന്നായിരിക്കുന്നു