Sunday, June 15, 2008

ഭജഗോവിന്ദം

മുറ്റത്തെ മുല്ലയില്‍ പൊട്ടിച്ചിരിക്കുന്ന
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!

ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്‌
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ

പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ്‌ ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ്‌ ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!

No comments: