Tuesday, November 15, 2011

'അമ്മ'യുടെ അര്‍ത്ഥം

അമ്മയെന്നപദം ആദ്യമായ്‌ ചൊല്ലിപോല്‍
അര്‍ത്ഥമറിയാത്ത വാക്കാണതിന്നും
അര്‍ത്ഥമറിയുവാന്‍ നിഘണ്ടുകള്‍ നൊക്കി
അര്‍ത്ഥമില്ലാത്ത ചില അര്‍ത്ഥങ്ങള്‍ കിട്ടി.

അമ്മതന്‍ രൂപമില്ലാത്തൊരര്‍ത്ഥം,
അമ്മതന്‍ ഭാവമില്ലാത്തൊരര്‍ത്ഥം,
അമ്മമനസ്സൊട്ടുമില്ലാത്തൊരര്‍ത്ഥം,
എത്ര നിരര്‍ത്ഥകം, ഓര്‍ത്താലൊ ദു:സഹം!

അമ്മക്കില്ലേ നിരവധി രൂപങ്ങള്‍?
നിഷ്കളങ്കയാമൊരു ബാലികാരൂപം,
സ്വപ്നങ്ങള്‍ നെയ്യും കുമാരിതന്‍ രൂപം,
യൗവ്വനയുക്തതന്‍ ലാവണ്യരൂപം,
കല്ല്യാണപ്പന്തലില്‍ മുഗ്ധരുപം,
ഗര്‍ഭകാലത്തെ ദീനരൂപം,
അമ്മയാകുമ്പോള്‍ ഒരമ്മതന്‍ രുപം,
മുത്തശ്ശിയാകുമ്പോള്‍ മുത്തശ്ശി രുപം,
അന്നമൂട്ടുമ്പോള്‍ ഒരന്നപൂര്‍ണ്ണ!
കൈനീട്ടമേകുമ്പോള്‍ ശ്രീമഹാലക്ഷ്മി,
തൊട്ടുതലോടുമ്പോള്‍ ശ്രീ പരമേസ്വരി,
എണ്ണിയാല്‍ തിരാത്ത സുന്ദര രുപങ്ങള്‍!!

എണ്‍ണ്മറ്റുള്ളതാം രൂപഭാവങ്ങളും
സമാനതയില്ലാത്ത 'തങ്ക'മനസ്സും
ചേര്‍ത്തുവെച്ചുകൊണ്ടര്‍ത്ഥം പറയുവാന്‍
അക്ഷരങ്ങള്‍ക്കാകുമോ; ഇല്ലില്ല നിശ്ചയം
ആര്‍ക്കാകുമമ്മതന്‍ അര്‍ത്ഥം പറയുവാന്‍
അമ്മേ മഹാമായേ നീ തന്നെ ശരണം
അമ്മേ മഹാമായേ നി തന്നെ ശരണം
നീ തന്നെ ശരണം,നീ തന്നെ ശരണം.


ശുഭം

Monday, November 14, 2011

പേരിലുണ്ട്‌ പലതും!

പേരിലെന്തിരിക്കുന്നു? ചോദ്യം
പേരിലുണ്ട്‌ പലതും! ഉത്തരം
പേരിലെന്താ ഇത്രക്കിരിക്കാന്‍?
പോരു വേണ്ടാ പറയാം, ഇരിക്കു.
ആരു നല്‍കീ ഈ നദിക്കൊരു പേര്‌,
കാവേരിയെന്നൊരു പെണ്ണിന്റെ പെര്‌.
വേറെയില്ലേ നദികളനേകം
പേരവക്കും പെണ്ണിന്റെ പേരുകള്‍!
സിന്ധുവെന്നും സരസ്വതിയെന്നും
ഗംഗയും യമുനയും ഗോദാവരിയും
എന്തിനിട്ടു പോയവര്‍ നദിക്കൊക്കെ
സുന്ദരിമാരുടെ പേരുകള്‍ മാത്രം!
ഇല്ലേ നിനക്കൊരു പൊന്നു പെങ്ങള്‍
കാവേരിയെന്നൊരു സുന്ദരിക്കോത
കള്ളുകുടിച്ചൊരു കശ്മലന്‍ വന്നു
പൊന്നു പെങ്ങളെ കയറിപ്പിടിച്ചാല്‍
കയ്യു കെട്ടി നീ നോക്കി നില്‍ക്കുമോ?
പല്ലിടിച്ചവന്റെ കയ്യില്‍ കൊടുക്കുമൊ?
ഇല്ലെ നിന്നുടെ വീടിന്റെ പിന്നിലായ്‌
അല്ലലില്ലാതൊഴുകുന്ന കാവേരി
നഞ്ഞുകലക്കും ചെകുത്താന്മാര്‍ വന്നാല്‍
മണല്‍ കൊള്ളയടിക്കുന്ന കൂട്ടര്‍ വന്നാല്‍
കുപ്പ പുഴയിലൊഴുക്കാന്‍ വന്നാല്‍
അയ്യേ !നിനക്കാകുമോ നോക്കിനില്‍ക്കാന്‍?
ആരല്ല നിന്റെ പെങ്ങളിപ്പോള്‍
നീര്‍ തരും സുന്ദരി കാവേരിയോ?
പേരിട്ടിവള്‍ക്ക്‌ കാരണോന്മാര്‍
സ്നേഹിച്ചിവളെ തന്‍ പുത്രിയേ പോല്‍
'പേരിലുണ്ട്‌ പലതു'മെന്നുളൊരു
നേരു നിനക്കു മനസ്സിലായോ?
ശുഭം