Monday, April 27, 2009

ഗുരുനാഥൻ

എന്റെ ഗുരുനാഥനച്ചുവമ്മാവൻ
അച്ഛനുമമ്മക്കുമേറെ പ്രിയങ്കരൻ
കാഴ്ചയിൽ ശ്രീമാൻ,വാക്കിലൊ സൗമ്യനും
വേഴ്ചക്കോ ഉത്തമൻ,ഋജുത്വം ധരിച്ചവൻ
വശ്യമാം പുഞ്ചിരി സ്വായത്തമായവൻ,
വിശ്വാസയോഗ്യൻ,പരഗുണതൽപരൻ
ശിഷ്യസമ്പത്താൽ സമ്പന്നനായവൻ
നിശ്ചയദാർഢ്യം കൈമുതലുള്ളവൻ
ബാല്യത്തിലെന്നെ കേൾപ്പിച്ച കഥകൾ
ഇന്നുമെന്നുള്ളിൽ തെളിഞ്ഞുനിൽപ്പൂ.
രാമായണത്തിലെ രാമനും സീതയും
കുരുക്ഷേത്രഭൂവിലെ നായകന്മാരും
വാശിയേറീടും ഭാരതയുദ്ധത്തിൽ
വീ ററ്റ പാർത്ഥനു ധൈര്യമേകാൻ
ഗീത ചമച്ചൊരു ജ്ഞാനിതൻ രൂപവും
ഇന്നുമെന്നുള്ളിൽ തിളങ്ങി നിൽപ്പൂ.
എന്നിലെയെന്നെ ഞാനാക്കിമാറ്റുവാൻ
എൻ ഗുരുനാഥൻ പകർന്നൊരു സ്വാധീനം
നന്ദിയോടെ സ്മരിക്കുന്നീ വേളയിൽ
ധന്യതയേറുമീ ഭരണി നാളിൽ.
ആയിരം ചന്ദ്രനെക്കാണുമീ സുദിനത്തിൽ
ആരോഗ്യമോടെ ഇനിയും കഴിയുവാൻ
എൻ ഗുരുനാഥനു ഭാഗ്യം ലഭിക്കട്ടെ!!
എങ്ങും നിറഞ്ഞവൻ തുണച്ചിടട്ടെ!!

2 comments:

kps said...

അച്ചുമ്മാൻ-അച്ഛന്റെ അനിയൻ.ഒരു സ്കൂൾമാഷായിരുന്നു.മുത്തശ്ശന്റെ നേർ വിപരീതം.നോക്കിലും,വാക്കിലും ഊക്കിലും ഒക്കെ അങ്ങേയറ്റം സൗമ്യൻ.വളരെ പതിഞ്ഞ ശബ്ദം.സുമുഖൻ.ഒരു ഏട്ടന്റെ മകന്റെ ഭാര്യ എന്ന അകലമൊന്നും എന്നോടു കാണിച്ചിരുന്നില്ലാ.എന്നല്ല, ഏറെ വാത്സല്ല്യം കാണിച്ചിട്ടുമുണ്ട്‌.ഈ 'ദൂരഭാഷണ'മൊക്കെ വന്നതിനു ശേഷവും ഞങ്ങൾ തമ്മിൽ എഴുത്തുകുത്തുകൾ പതിവുണ്ടായിരുന്നു.നല്ല ഭാഷ!മോഹിപ്പിക്കുന്ന കയ്യക്ഷരം!(എന്റെ എഴുത്തു ഭാഷയും അച്ചുമ്മാനു ഇഷ്ടമായിരുന്നു.'കത്തു വയിക്കാൻ ഒരൊഴുക്കുണ്ട്‌'എന്നു എന്നോടു പറഞ്ഞിട്ടുമുണ്ട്‌.)ഇപ്പ്പ്പോൾ,മക്കളൊക്കെ മുതിർന്നു,അവരുടെ ജീവിതവുമായി-അച്ചുമ്മാൻ ഒരുതരം വിശ്രമജീവിതത്തിലാണ്‌.അടുത്തകാലം വരെ ജീവിതത്തിൽ വളരേ സജീവമായിരുന്ന ആൾ പൊടുന്നനെ ഒരു ,അതും ശാരീരികമായും മാനസീകമായും,വിശ്രമജീവിതത്തിൽ എത്തിപ്പെട്ടതുകൊണ്ടാണെന്നു തോന്നുന്നു,അമ്മാമന്റെ ഓർമ്മകൾ: ഇന്നു ഒരു ഒളിച്ചുകളിയിലാണ്‌.അമ്മാമന്റെ ശതാഭിഷേകത്തിന്റെ,ഈ, നിറവിൽ ഞങ്ങളുടെ ഒരു ഗുരുദക്ഷിണ..........

ചീര I Cheera said...

ഓ, ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ അപ്പോൾ?