Wednesday, April 22, 2009

മുത്തശ്ശനും ജപ്തിയും

കുന്നത്തു വാസമുറപ്പിച്ചൊരാസാമി
കിട്ടുവാനുള്ള തൻ പണം പിരിക്കുവാൻ
എത്തിയൊരിക്കൽ മുത്തശ്ശന്റെ മുന്നിൽ
കുത്താമ്പുള്ളിക്കാരൻ ആമീനുമൊന്നിച്ച്‌

കത്തും വെയിലിൽ നടന്നുവലഞ്ഞൊരു
കുത്തമ്പുള്ളിക്കാരൻ തരകന്റെ ദാഹം
ഒട്ടുമുക്കാലും ശമിപ്പിച്ചു-മുത്തശ്ശി
കുട്ടിച്ചെമ്പിൽ കലക്കിയ സംഭാരം.
പാരം വിശപ്പാൽ വലഞ്ഞ തരകനും
പാതിയടഞ്ഞ തൻ കൺകൾ തുടച്ചിട്ടു
ചാരുകസേരയിൽ കുനിഞ്ഞിരിക്കും
മുത്തശ്ശനോടിങ്ങനെ ചൊല്ലി മെല്ലെ-
"പത്തു നാഴിക താണ്ടി ഞാനത്തിയീ
കാട്ടുമുക്കിൽ, അഹോ, നിങ്ങൾ കേൾക്കണം
കിട്ടിയില്ലെനിക്കൊന്നും കഴിക്കുവാൻ
കിട്ടുമോ വല്ലതും പശിയടക്കാൻ?"
കട്ടുപ്പത്തായത്തിൽ ചാരിക്കിടക്കുന്ന
മുത്തശ്ശിയെ നോക്കിപ്പറഞ്ഞു മുത്തശ്ശനും
"വിശന്നുവരുന്നവൻ വൈശ്വാനരനത്രേ!
കൊടുക്കുക വല്ലതും ബാക്കിയുണ്ടെങ്കിൽ"
വാഴയില തൻ നടുത്തുണ്ടമൊന്നതിൽ
ചോറുകൊണ്ടു മെനഞ്ഞൊരു കുന്നിന്മേൽ
മോരു വീഴ്തിയ കൂട്ടാൻ,കടുമാങ്ങയും
കൂട്ടിക്കുഴച്ചു കഴിച്ചു തരകനും
ഏമ്പക്കം വിട്ടു എണിട്ടൊരാമീൻ പിന്നെ
കൈ കഴുകി പടിമേലിരുന്നപ്പോൾ
മുത്തശ്ശൻ നൽകിയ പാളവിശറി
വീശി,തണുപ്പേറ്റി പറഞ്ഞു പതുക്കവേ-
"ആസാമിക്കു കൊടുക്കുവാനുള്ളൊരു,കാശ്‌
തൊണ്ണൂ റുറുപ്പിക നിങ്ങൾ കൊടുക്കുകിൽ
ജപ്തിനടപടി വേണ്ടെന്നു വച്ചിടാം
എന്റെ പണികളും കുറഞ്ഞു കിട്ടീടും"
"ചില്ലിക്കാശു ഞാനവനു കൊടുക്കില്ലാ
ജപ്തിനടപടി നിങ്ങൾ തുടങ്ങുക
ഉണ്ടു തൊഴുത്തിൽ ചോത്രയന്നൊരു പശു
പത്തു പെറ്റവൾ,പാലു തരുന്നവൾ
തെക്കുപടിഞ്ഞാട്ടു കൊമ്പു ചെരിഞ്ഞവൾ
നിങ്ങൾക്കു കൂട്ടാമവളേയും കുടെ!"
ഇപ്രകാരം കേട്ടു തെല്ലു കുപിതനായ്‌
ഇറങ്ങിനടന്നു നെടുമ്പുരയിലേക്കയാൾ
കാത്തു നിന്നീടും ആസാമി തന്നുടെ
കർണ്ണപുടത്തിൽ മന്ത്രിച്ചു തരകനും
"എന്നാൽ ഞങ്ങൾ കൊണ്ടു പൊകട്ടെ പയ്യിനെ"
എന്നു പറഞ്ഞവർത്തൊഴുത്തിൽ കടക്കവെ
ചാടിയെണീറ്റു മുത്തശ്ശൻ കസേരയിൽനി-
ന്നുരിയെടുത്തൂ വടി വളയിൽ നിന്നും
"പയ്യിനെ തൊട്ടാൽ- ചതക്കും ഞാൻ രണ്ടിനേം"
എന്നലറിയടുക്കുന്ന മുത്തശ്ശനെ
കണ്ടു ഭയന്നൊരാസാമിയും ആമീനും
ഒട്ടച്ചാട്ടത്തിൽ പടിക്കു പുറത്തു പോയ്‌!.

2 comments:

kps said...

മുത്തശ്ശൻ-വെളുത്തു വളരെ മെലിഞ്ഞു,കുറച്ചുയരത്തിൽ നല്ല ആ ജ്ഞാശക്തിയുള്ള ആളായിരുന്നു.ഒന്നു പറഞ്ഞാൽ ആർക്കും എതിരു പറയാൻ പറ്റാത്ത ഭാവം.ചെയ്യുന്നതെന്തിനും ധൈര്യവും,നിശ്ചയദാർഢ്യവും, മന:സ് ഥൈര്യവും ഒക്കെ ഒത്തു ചേർന്നൊരാൾ!പലപ്പോഴും മുത്തശ്ശൻ ചെയ്യുന്നതു ഇത്തിരി ക്രൂരതയല്ലേ എന്നു തോന്നിയിട്ടുണ്ട്‌.ഒരു സാക്ഷാൽ ജന്മി!നല്ല ഭക്തനുമായിരുന്നു.ഇപ്പോളോർക്കുമ്പോൾ,ആത്മധൈര്യത്തോടെ ചെയ്യുന്ന പ്രവർത്തികൾ ധർമ്മമായിത്തീരുമെന്നൊരർത്ഥത്തിൽ മഹാഭാരതത്തിലൊരു വാക്യമുണ്ട്‌.മുത്ത്ശ്ശനെ സംബന്ധിച്ചേടത്തോളം അതു പൂർണ്ണമായും ശരിയായിരുന്നൂ എന്നു തോന്നുന്നു.മുത്തശ്ശന്റെ മക്കൾക്കോ അവരുടെ മക്കൾക്കോ ഇതത്ര കിട്ടിയിട്ടില്ല,അഛൻ കുറഞ്ഞൊന്ന് അങ്ങിനെയായിരുന്നൂ എന്നു പറയാം.ഏതായാലും, മുത്തശ്ശിയോടൊപ്പം കട്ടുപ്പത്തായത്തിൽ ,ഒരു നാടകം കാണുന്ന ലാഘവത്തോടെ ഇതു മുഴുവൻ കണ്ടു കിടന്നിരുന്ന എന്റെ ഓർമ്മയിൽ, ഇതെല്ലാം കണ്ടു നിസ്സംഗയായി നിന്ന മുത്തശ്ശിയും,ആമീന്റെ ഊണും,പിന്നെ അവസാനത്തെ ചാടിയോടിപ്പോകലും എല്ലാം മായാതെ കിടപ്പുണ്ട്‌.

ചീര I Cheera said...

rasAyi...