Friday, May 23, 2008

എണ്റ്റെ പ്രാര്‍ത്ഥന

അഖിലലോക സാക്ഷിയായി
നിറഞ്ഞു നില്‍ക്കും ഉണ്‍മയെ
തൊഴുതുപോന്നു ഇതുവരെ
അചലമായൊരു ശിലയില്‍ ഞാന്‍

ഇന്നറിഞ്ഞു ഞാനെന്‍
ഉള്ളിലൂറുമൂര്‍ജ്ജമായ്‌
നിന്നതെന്നും പരമമാം ഈ
ഉണ്‍മയെന്നു മാധവാ

മുടി നരച്ചു ജര കയറി
അന്ധനായ്‌ ഞാനിരിക്കെ
ഉള്‍ക്കണ്ണിനു കാഴ്ച കാണാന്‍
മാറണെ നീയൊരു ദീപമായി

ജടിലമാമീകൂടിനുള്ളില്‍
സാക്ഷിനില്‍ക്കും കേശവാ
ഒടുവില്‍ നിന്നിലലിയണം
അലിഞ്ഞുതന്നെ നില്‍ക്കണം
എനിയനിക്കൊരു കൂടു വേണ്ട
ഒരു കൂടുമാറ്റവും തഥാ

Saturday, May 17, 2008

അറിവ്‌

നൂറായിരം കോടി യോജനയ്കപ്പുറ,
നീറിനില്‍ക്കുമൊരഗ്നിനക്ഷത്രവും,
ചാരെ നില്‍ക്കുമീ മുല്ലതന്‍ വള്ളിയില്‍,
വാരിവിതറിയ പൂക്കള്‍തന്‍ ഗന്ധവും,
ചേതോഹരിയാമെന്‍ പ്രണനാഥയും,
ഞാനെന്നഭാവത്തിന്‍ മൂര്‍ത്തിയാമീഞ്ഞാനും
ചാരുതയേറും പ്രകൃതിയാല്‍കോര്‍ത്തൊരു
ചേണുറ്റമാലതന്‍ മുത്തുകളാണുപോല്‍,
ബ്രഹ്മമാം പ്രകൃതിയാല്‍ കോര്‍ത്തൊരീമാലയില്‍
മുത്തായി മാറാത്തതൊന്നുമേയില്ലപോല്‍,
ആരറിയുന്നീ പരമാര്‍ത്ഥസത്യത്തെ?
നേരുപറയാം അവര്‍ക്കില്ലൊരു ദുഃഖവും!

Monday, May 5, 2008

എണ്റ്റെ പ്രപഞ്ചം

വര്‍ണ്ണപ്രപഞ്ചത്തിലാദ്യമായ്‌ ഞാന്‍ കണ്ട-
തമ്മതന്‍ കണ്ണിലെ നീലനിറം
ആഴിപ്പരപ്പിലും ആകാശമൊട്ടുക്കും
കാണുന്നു ഞാനിന്നുമീനീലനിറം

നാദപ്രപഞ്ചത്തിലാദ്യമായ്‌ കേട്ടതെ-
ന്നമ്മതന്‍ താരാട്ടിന്‍ ശീലുകളെ
കണ്ണന്‍ കുഴലിലും കാട്ടാറിന്‍ പാട്ടിലു-
മിന്നും ഞാന്‍ കേള്‍ക്കുന്ന്തീശീലുകളെ

സ്വാദേറുമമ്മതന്‍ പാലിണ്റ്റെ മാധുര്യം
തേനിലും കരിമ്പിലും കിട്ടിയില്ല
പഞ്ചാമൃതത്തിലോ പാല്‍പ്പായസത്തിലോ
കിട്ടിയില്ലമ്മതന്‍ പാലിന്‍ രുചി

അമ്മതന്‍ ഗന്ധത്താല്‍ മോഹിതനാമെനി-
യ്ക്കന്യഗന്ധങ്ങള്‍ സുഗന്ധമല്ല
വേനല്‍മഴയില്‍ കുതിര്‍ന്നോരു മണ്ണിണ്റ്റെ
മോഹനഗന്ധവും വശ്യമല്ല

വാരിപ്പുണരുമെന്നമ്മതന്‍ കയ്യിലെ
തൂവലിന്‍ സ്പര്‍ശങ്ങളെത്ര ഹൃദ്യം
മറ്റൊരു സ്പര്‍ശവുമോര്‍മ്മയിലില്ലെനി-
യ്ക്കിത്ര മഥിച്ചതായെന്‍ മനസ്സില്‍

പഞ്ചേന്ദ്രിയങ്ങളെ പൂരിതമാക്കിയൊ-
രമ്മയ്ക്കു ഞാനിനിയെന്തു നല്‍കും!
ചോദിച്ചുവെന്നോടൊരായിരം വട്ടം
ഞാന്‍ കിട്ടിയില്ലുത്തരം-കിട്ടുകില്ല!!