Monday, May 5, 2008

എണ്റ്റെ പ്രപഞ്ചം

വര്‍ണ്ണപ്രപഞ്ചത്തിലാദ്യമായ്‌ ഞാന്‍ കണ്ട-
തമ്മതന്‍ കണ്ണിലെ നീലനിറം
ആഴിപ്പരപ്പിലും ആകാശമൊട്ടുക്കും
കാണുന്നു ഞാനിന്നുമീനീലനിറം

നാദപ്രപഞ്ചത്തിലാദ്യമായ്‌ കേട്ടതെ-
ന്നമ്മതന്‍ താരാട്ടിന്‍ ശീലുകളെ
കണ്ണന്‍ കുഴലിലും കാട്ടാറിന്‍ പാട്ടിലു-
മിന്നും ഞാന്‍ കേള്‍ക്കുന്ന്തീശീലുകളെ

സ്വാദേറുമമ്മതന്‍ പാലിണ്റ്റെ മാധുര്യം
തേനിലും കരിമ്പിലും കിട്ടിയില്ല
പഞ്ചാമൃതത്തിലോ പാല്‍പ്പായസത്തിലോ
കിട്ടിയില്ലമ്മതന്‍ പാലിന്‍ രുചി

അമ്മതന്‍ ഗന്ധത്താല്‍ മോഹിതനാമെനി-
യ്ക്കന്യഗന്ധങ്ങള്‍ സുഗന്ധമല്ല
വേനല്‍മഴയില്‍ കുതിര്‍ന്നോരു മണ്ണിണ്റ്റെ
മോഹനഗന്ധവും വശ്യമല്ല

വാരിപ്പുണരുമെന്നമ്മതന്‍ കയ്യിലെ
തൂവലിന്‍ സ്പര്‍ശങ്ങളെത്ര ഹൃദ്യം
മറ്റൊരു സ്പര്‍ശവുമോര്‍മ്മയിലില്ലെനി-
യ്ക്കിത്ര മഥിച്ചതായെന്‍ മനസ്സില്‍

പഞ്ചേന്ദ്രിയങ്ങളെ പൂരിതമാക്കിയൊ-
രമ്മയ്ക്കു ഞാനിനിയെന്തു നല്‍കും!
ചോദിച്ചുവെന്നോടൊരായിരം വട്ടം
ഞാന്‍ കിട്ടിയില്ലുത്തരം-കിട്ടുകില്ല!!

3 comments:

kps said...

പഞ്ചേന്ദ്രീയങ്ങളാല്‍ അറിയുന്നത്‌ പ്രപഞ്ചം.ഇവിടെ അമ്മയെ പ്രപഞ്ചമായി അറിയാന്‍ ശ്രമിക്കയാണ്‌.

ചീര I Cheera said...

സുഖമുള്ള വായന.

വൈഖരി said...

ഹ്രുദയ സ്പര്‍ശിയായ ആശയം.