Saturday, August 4, 2012

മണിയറയില്‍ നിന്നുള്ള അടയാളവാക്യങ്ങള്‍


"എന്തിനു ഊരീ പ്രിയേ! ഈ പൊന്മോതിരങ്ങള്‍ ,
ചന്തമേകുന്നു ഇവക്കു നിന്‍ കരാംഗുലികള്‍"

"കല്ല് കല്ല്യാണിയായതാം ഒരു കഥ
വല്ലഭാ ഞാന്‍ കേട്ടൂ; നിന്‍ പാദസ്പര്‍ശത്താല്‍!
ഉണ്ടേറേ കല്ലുകള്‍ എന്‍ മൊതിരങ്ങളില്‍,
ഉണ്ടവയില്‍ നവരത്നമോതിരങ്ങളും
തെല്ലുണ്ട്‌ ഭയം! എനിക്കി ശയ്യാഗൃഹത്തില്‍
കല്ല്യാണിമാരുണ്ടായാലോ നിന്‍ സ്പര്‍ശത്താല്‍!"

"വേണ്ടല്‍പ്പവും ഭയം ഈ മണിയറയില്‍
ഏകപത്നീവൃതം ഞാനെടുത്തൂ ദേവീ
കല്ല്യാണിമാരെത്രയുണ്ടായാലും പാരില്‍
കല്ല്യാണി നീ മാത്രമെനിക്കു പത്നി"

ഓതിപോല്‍ ശ്രീരാമന്‍ മാരുതീകര്‍ണ്ണങ്ങളില്‍
സീതക്കു നല്‍കാനീ അടയാളവാക്യം!


1 comment:

kps said...

മണിയറയില്‍ നിന്നുള്ള അടയാളവാക്യം എന്നുള്ളത്‌ പ്രസിദ്ധമായ രാമായണകഥയിലെ സന്ദര്‍ഭമാണ്‌.സീതാന്വേഷണത്തിനായി ഹനുമാന്റെ നേതൃത്വത്തില്‍ തെക്ക്‌ ഭാഗത്തേക്ക്‌ പോകാന്‍ ഒരു സംഘം തയ്യാറായപ്പോള്‍ ശ്രീരാമന്‍ ഹനൂമാനെ അടുത്തു വിളിച്ച്‌, സീതയെ കാണുകയാണെങ്കില്‍ 'ഇനി ഞാന്‍ പറയുന്ന വാക്യങ്ങള്‍ കേട്ടാല്‍ ഇത്‌ ഞാന്‍ പറഞ്ഞതുതന്നെയെന്ന് സീതക്ക്‌ മനസ്സിലാവും' എന്ന് പറഞ്ഞ്‌ പറഞ്ഞതാണീ അടയാളവാക്യം.
സീത പറയുന്നതൊരു തമാശയാണ്‌.ഒരുപക്ഷേ ശ്രീരാമനോട്‌ സീത പറയുന്ന ആദ്യത്തെ തമാശയും ഇത്‌ തന്നെയാകണം.പ്രഥമരാത്രിയില്‍ മണിയറയില്‍ പ്രവേശിച്ച സീത ശ്രീരാമനെ നമസ്കരിക്കാനായി കുമ്പിട്ട്‌ കൈകള്‍ നീട്ടിയിട്ട്‌, പെട്ടെന്ന് പിന്‍ വലിച്ച്‌ കൈയ്യിലെ മോതിരങ്ങളെല്ലാം ഊരിവച്ചെന്നും,അപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടന്നുവെന്നുമാണ്‌ കഥ.
പ്രസിദ്ധമായ ഒരു കാവ്യത്തിലെ ഒരു സന്ദര്‍ഭത്തെ പുരസ്കരിച്ച്‌ ഞാനെഴുതിയതാണ്‌ ഈ പദ്യരൂപത്തിലുള്ള വിവരണം.ആശയം കടമെടുത്തതാകയാല്‍ പൂര്‍ണ്ണമായും ഇതെന്റെയാണെന്ന് അവകാശപ്പെടാന്‍ പറ്റില്ല.