Monday, February 15, 2010

രാധ

വൃന്ദാവനത്തിലൊരു പേരാലിൻ ചുവട്ടിൽ
ചിന്താമഗ്നയായ്‌ നിൽപ്പവളേ.......
ചിന്താമഗ്നയായ്‌ നിൽപ്പവളേ....
അകലത്തിലലിയുന്ന വേണുനിനാദത്തിൽ
അറിയാതെ ഒരിനിമിഷം അലിഞ്ഞുപോയോ?
നീ, അറിയാതെ ഒരു നിമിഷം അലിഞ്ഞുപോയോ?
ഇനിവരും ദ്വാപരയുഗത്തിലെ കണ്ണന്റെ
കളികൂട്ടുകാരിയാകാൻ മോഹമുണ്ടോ,
നിനക്ക്‌,കളികൂട്ടുകാരിയാകാൻ മൊഹമുണ്ടോ?
പലകാലം ബ്രഹ്മത്തിൻ നിഴലായ നിനക്കിനി
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ,
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ?

ശാസ്താവിനോട്‌

ഹരിഹരപുത്രന്റെ തിരുനാമം ജപിക്കുമ്പോൾ
അതിരറ്റ സന്തോഷമെൻ ഹൃദയത്തിൽ നിറയുന്നു
കലികാലവൈഭവത്താൽ ഉരുകും ഹൃദന്തങ്ങളിൽ
പുതുമഴയായിവരും ശരണമന്ത്രങ്ങളെല്ലാം
അതിരില്ലാമോഹങ്ങളാൽ കദനം ചുമക്കുന്നോർ
ഞങ്ങൾക്കഭയമേകീടണേ നിത്യചൈതന്യമേ!
അകതാരിൽ അമരുന്ന ചൈതന്യമറിയാതെ
അലയുന്നു നാം വൃഥാ ശിൽപത്തിൻ ഭംഗി കാണാൻ.
അഴകോടെ ഒഴുകിയെത്തും പമ്പയിൽ കുളിച്ചുതോർത്തി
മലനിരകൾ താണ്ടി തളർന്നിരിക്കുമ്പോൾ
ഒരു ചെറുതെന്നെലായ്‌ എന്നരികിലെത്തണേ
പരിതാപമകറ്റുവാൻ തമ്പുരാനേ!
തിരുമുമ്പിലെത്തി കൈ കൂപ്പി നിന്നിടുമ്പോൾ
നിറയണേ ഹൃദയത്തിൽ നിൻ ദിവ്യരൂപം
ഒടുവിൽ മലയിറങ്ങി കദനക്കടലിലാണ്ടു
വഴിയറിയാതെ ഞങ്ങളലഞ്ഞിടുമ്പോൾ
ഒരുമണിവിളക്കായ്‌ അകതാരിൽ തെളിയണേ
ഒരുകോടി ഭാനുസമപ്രഭാപൂരമേ!