Tuesday, April 22, 2008

പാഴ്ചെടി

ഒരു മീനമാസത്തിലുരുകുന്ന ചൂടില്‍,
ചാരുപടിമേല്‍ ഞാന്‍ തെല്ലു മയങ്ങി-
അലസമായ്‌ വിരസനായ്‌ കണ്‍മിഴിയ്ക്കെ
അലതല്ലും വര്‍ണ്ണത്തില്‍ തിരമാലകള്‍!
ഒരു പറ്റം ശലഭങ്ങള്‍ മോഹിനിയാടുന്നു
കോലായ്കരികിലെ പാഴ്ചെടിയില്‍!

പൂവില്ലിലയ്കൊരു ഭംഗിയില്ല-
പോരിന്നു നില്‍ക്കുന്ന മുള്ളുകളും
ശലഭത്തിനെന്തിത്ര കൌതുകം,
ഈ കലഹിക്കാന്‍ നില്‍ക്കുന്ന മുള്‍ച്ചെടിയില്‍?
അരികത്തു ചെന്നു ഞാന്‍ നോക്കിനില്‍ക്കേ
അകലുന്നു ശലഭങ്ങള്‍ ഭീതിയാലെ
ഇലകളില്‍ തണ്ടിന്‍ തലപ്പുകളില്‍,
ശിഖിരങ്ങള്‍ തണ്റ്റെ കവിളികളില്‍
ശലഭത്തിന്‍ മുട്ടകള്‍ നിരനിരയായ്‌,
ശിലപോലെ നിന്നു ഞാന്‍ സ്തബ്ധനായി!
വെറുമൊരു പഴ്ചെടിയെന്നുകരുതിയ
ചെറുചെടി, ശലഭത്തിന്നീറ്റില്ലമായ്‌
മുട്ടകളെയേറ്റു വാങ്ങുവാനും നീ
വിരിഞ്ഞുണ്ണികളെയ്യൂട്ടുവാനും നീ
നിദ്രയിലാന്‍ണ്ടുപോമുണ്ണികള്‍ക്കായ്‌
നീ മാത്രം കാവല്‍ കൂര്‍ത്തമുള്ളുമായീ-
പുത്തനാതലമുറയെ വാര്‍ത്തെടുക്കാന്
‍പരിണാമ പ്രക്രിയ പലതിനും സാക്ഷി നീ.

ഒരു ദിവസം നിനക്കു കാണാം കണ്‍കുളിര്‍ക്കെ
ഒഴുകിവരുമൊരുവസന്തം മുന്നിലായി
ഒരു തലമുറയ്ക്കാധാരമായ്‌ നിന്നെക്കുറി-
ച്ചൊരുവനുമുരിയാടാ നീവെറും 'പാഴ്ചെടി'
സകലസൃഷ്ടികള്‍ക്കുമേകിപോലീശ്വരന്‍
പകലിരവുചെയ്യുവാനുള്ള ദൌത്യം
ഒരുമടിയുമില്ലാത്ത കര്‍മ്മികള്‍ക്കായ്‌
കരുതുമൊരു പദം പാദപങ്കജത്തില്‍.