Thursday, October 23, 2008

മുത്തശി കഥ

മുത്തശിക്കഥകളനവധി
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.

മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്‌
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്‌
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.

പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്‌
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്‌
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!

കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"

ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്‌
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"

കുട്ടികൾക്കാവേശമായ്‌
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!

6 comments:

അരുണ്‍ കരിമുട്ടം said...

നല്ല കവിത.
വായിക്കാന്‍ നല്ല സുഖമുണ്ട്.നല്ല പ്രാസം.

നരിക്കുന്നൻ said...

മുത്തശ്ശിക്കഥ ഇഷ്ടമായി. പ്രേതവും യക്ഷിയും ചുണ്ണാമ്പുമില്ലാതെ യക്ഷിക്കഥകൾ പൂർണ്ണമാകുന്നില്ല.

ആശംസകൾ

Sarija NS said...

:)ഇഷ്ടപ്പെട്ടു , ഈ മുത്തശ്ശിക്കഥകളുടെ കഥ

smitha adharsh said...

മുത്തശ്ശിക്കഥ ഉഗ്രന്‍..ഇഷ്ടപ്പെട്ടു..

kps said...

എല്ലാവർക്കും നന്ദി.
പേരക്കുട്ടികളൊക്കെ ആയപ്പോഴാൺ മുത്തശിമാരേയും അവർ പറഞ്ഞിരുന്ന കഥകളേയും അവരുടെ വാൽസല്ല്യത്തേയും ഒക്കെ ഓർത്തതെന്നാൺ വാസ്തവം.അമ്മയില്ലാതെ വളർന്ന ഞങ്ങളുടെ അമ്മയെ വളർത്തിയ മുത്തശിയേയും,അവരുടെ അനീത്തിയായ ചെറിയ മുത്തശിയേയുമൊക്കെ ഓർമ്മ വന്നു.അപ്പോൾ തോന്നിയതാൺ ഇത്‌.

വേണു venu said...

മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
രസായിട്ടൊണ്ട് കേട്ടോ.:)